ബ്ലൂ വെയിൽ എന്ന മരണക്കളിയുണ്ടാക്കിയ ഞെട്ടൽ മാറും മുൻപാണ് മോമോ എന്ന പേരിൽ ഭീതിയുടെ പുതിയൊരു നിഴൽ ലോകമെമ്പാടുമുള്ള കുട്ടികൾക്കു മേൽ പതിച്ചിരിക്കുന്നത്. അർജന്റീനയിലെ എസ്കോബാറിൽ 12 വയസ്സുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതോടെയാണ് ഈ പുതിയ ഭീഷണിയെ കുറിച്ച് പുറം ലോകമറിയുന്നത്. പ്രധാനമായും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാണ് ഈ കളിയെക്കുറിച്ച് ഔദ്യോഗികമായ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നതെങ്കിലും സാങ്കേതിക വിദ്യയ്ക്ക് അതിരുകളില്ലാത്തതിനാൽ തന്നെ ബ്ലൂ വെയിലിനെ പോലെ എപ്പോൾ വേണമെങ്കിലും ഭൂഖണ്ഡങ്ങളുടെ അതിർത്തികൾ ലംഘിച്ച് അത് നമ്മുടെ നാട്ടിലേക്കും എത്താം. തികഞ്ഞ ജാഗ്രതയാണ് ഈ ഘട്ടത്തിൽ ആവശ്യം.
എന്താണ് മോമോ?
ബ്ലൂ വെയിലിനെ പോലെ, ചലഞ്ചുകളുടെ രൂപത്തിലുള്ള ഒരു ഗെയിമാണ് മോമോയും. കുട്ടികളോട് വാട്ട്സാപ്പിൽ ഒരു കോണ്ടാക്ട് ആഡ് ചെയ്യാൻ ആവശ്യപ്പെടുന്നതാണ് ആദ്യ ഘട്ടം. കോണ്ടാക്ട് ആഡ് ആയി കഴിഞ്ഞാൽ തുറിച്ച കണ്ണുകളും വികലമായ മുഖഭാവവുമുള്ള വികൃതരൂപിയായ ഒരു പെൺകുട്ടിയുടെ ചിത്രം മൊബൈലിൽ കാണാനാകും. ഈ കോണ്ടാക്ടിൽ നിന്ന് അക്രമാസക്തവും പേടിപ്പെടുത്തുന്നതുമായ നിരവധി ഓഡിയോ, വീഡിയോ ക്ലിപ്പുകൾ കുട്ടിക്ക് അയച്ചു കൊടുത്തു കൊണ്ടിരിക്കും. ഒപ്പം സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പല തരം ചലഞ്ചുകളും നൽകും. അർധ രാത്രി കോൾ വരികയും അറ്റൻഡ് ചെയ്താൽ ഭയന്നു വിറച്ച് ആരോ നിലവിളിക്കുന്ന ശബ്ദം കേൾപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുമെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ബ്ലൂ വെയിലിലേതു പോലെ, അവസാനമായി നൽകുന്ന ചലഞ്ചാണ് ആത്മഹത്യ. പക്ഷേ പലപ്പോഴും പേടിപ്പെടുത്തുന്ന വീഡിയോകളും ഓഡിയോകളും തന്നെ കുട്ടികളെ തികഞ്ഞ നിസ്സഹായാവസ്ഥയിലും മരണത്തിന്റെ വക്കിലും കൊണ്ടു ചെന്നെത്തിക്കാൻ പോന്നതാണ്.
ആരാണ് മോമോ ഗേൾ
ജാപ്പാനീസ് കലാകാരിയായ മിദോരി ഹയാഷി വരച്ച ഒരു ചിത്രമാണ് മോമോ ഗെയിമിനായി ഉപയോഗിക്കുന്നത്. പക്ഷേ മദർ ബേഡ് എന്നു പേരിട്ടിട്ടുള്ള യഥാർഥ ചിത്രത്തിനോ ചിത്രകാരിക്കോ ഈ മരണക്കളിയുമായി യാതൊരു ബന്ധവുമില്ല.
വേണം, ഒരു കണ്ണ്
കുട്ടികൾ മോമോയ്ക്ക് അടിപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സ്പാനിഷ് പൊലീസ് നൽകിയിരിക്കുന്ന ചില നിർദ്ദേശങ്ങളാണ് ചുവടെ:
- കുട്ടികൾ വിവിധ ചലഞ്ചുകൾ ചെയ്യുന്നതിന്റെ ചിത്രങ്ങളോ വീഡിയോകളോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക
- രാത്രിയിൽ കുട്ടി ഉറക്കമില്ലാതെ ബുദ്ധിമുട്ടുകയോ നിലവിളിക്കുകയോ ചെയ്യുന്നത് ഭീകരമായ ഓഡിയോ/ വീഡിയോ ക്ലിപ്പുകളുടെ ആഘാതം മൂലമാകാം.
- മോമോ ഗേളിന്റെ ചിത്രം നിങ്ങളുടെ കുട്ടിയുടെ ഫോണിലെ വാട്ട്സാപ്പ് കോണ്ടാക്ടുകളിൽ ഉണ്ടോ എന്നു നോക്കുക
- അജ്ഞാതമായ നമ്പരുകളിൽ നിന്ന് കുട്ടിക്ക് ഫോൺ കോളുകൾ വരുന്നുണ്ടോ എന്നു ശ്രദ്ധിക്കുക
- കുട്ടി വല്ലാതെ ഭയപ്പെട്ടതായോ ആരെങ്കിലും കുട്ടിയെ ഭീഷണിപ്പെടുത്തിയതായോ തോന്നുന്നെങ്കിൽ കുട്ടിയുടെ ഫോൺ പരിശോധിക്കുക. മോമോ ഗെയിം സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ ഒട്ടും വൈകാതെ പൊലീസിനെ അറിയിക്കുക